
അവിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജു (49)വിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഇയാൾ 2022 ജൂൺ ഒന്നുമുതൽ 2025 മേയ് നാലുവരെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് അവിവാഹിതയായ നാല്പതുകാരിയുടെ പരാതി.
മൂന്ന് വർഷം മുമ്പാണ് ബൈജു തിരുവല്ല സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് ബൈജു യുവതിയുമായി പരിചയത്തിലായത്. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തത്. യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചു.
അദ്യമായി പീഡിപ്പിച്ചത് തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചായിരുന്നു. തുടർന്ന് ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിലും യുവതിയെ എത്തിച്ച് പീഡനം തുടർന്നു. കഴിഞ്ഞ ദിവസം തിരുവല്ല പൊലീസിൽ യുവതി പരാതി നൽകുകയായിരുന്നു. പരാതിക്കാര്യം അറിയാതെ യുവതിയെക്കാണാൻ തിരുവല്ലയിലെത്തിയ ബൈജുവിനെ ബസ്സ്റ്റാൻഡിൽ വെച്ച് പൊലീസ് പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.








